കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തു

കടമെടുത്ത ലോണ്‍ അടയ്ക്കാത്തതിന്‍റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നത് പുതുമയല്ല. എന്നാല്‍ ഇന്ന് കോഴിക്കോട് വീടും പറമ്പുമൊന്നുമല്ല ജപ്തി ചെയ്തത്. ജില്ലാ കളക്ടറേറ്റ് തന്നെയങ്ങ് ജപ്തി ചെയ്തു. നഷ്ടപരിഹാരം സമയത്ത് ജനങ്ങള്‍ക്ക് കൊടുത്തില്ല എന്നതാണ് കാരണം.

ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തത്. പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജപ്തി. സ്ഥലവാദികള്‍ കോടതിയില്‍ പരാതി നല്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. സെന്‍റിന് 1,30,000 രൂപ വെച്ച് നഷ്ടപരിഹാരം നല്കാന്‍ രണ്ടു വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പായിരുന്നില്ല.

കുന്ദമംഗലത്ത് ഐ ഐ എമ്മിന് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്) സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്കിയില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു കളക്ടറേറ്റ് ജപ്തി ചെയ്തിരിക്കുന്നത്. ഒരു മാസത്തിനകം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാ‍രം നല്കിയില്ലെങ്കില്‍ കളക്ടറേറ്റ് ലേലം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നഷ്ടപരിഹാരം നല്കേണ്ടത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പാണെന്നാണ് കളക്ടറേറ്റ് അധികൃതരുടെ നിലപാട്. പണം ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം തുക നല്കാന്‍ കഴിയുമെന്നും എ ഡി എം പറഞ്ഞു.

source:webdunia.com

2 Response to "കോഴിക്കോട് കളക്ടറേറ്റ് ജപ്തി ചെയ്തു"

  1. ശ്രീക്കുട്ടന്‍ Says:

    കളക്ടറും അനുബന്ധ സാധനങ്ങളും ഇപ്പോള്‍ എവിടെയാണെന്നറിയാന്‍ ആറ്റുകാല്‍ രാധാകൃഷ്ണനെ ഒന്നു കാണേണ്ടി വരുമോ

  2. Nileenam Says:

    ഇത് നല്ല പാടായി. ഇനിയെങ്കിലും സര്‍ക്കാര്‍ കാര്യം ചുവന്ന റിബണില്‍ അനന്തമായി കുരുങ്ങുകയില്ലല്ലൊ

Post a Comment